ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
ചോറ്റുപാറയിലെ ഒരു റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലൊരാളായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
അപകടം കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷപ്പെടുത്താനായില്ല.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
മഴക്കാലമായതിനാൽ പ്രദേശത്തെ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കുള്ള സമയമാണിത്.
