തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ തൃശ്ശൂർ ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തിന് സമീപം തുരങ്കമുഖത്തിന് മുകളിലായാണ് വെള്ളിയാഴ്ച രാവിലെ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണ് വളരെ ചെറിയ തോതിൽ മാത്രമാണ് ഇടിഞ്ഞതെന്നും നിലവിൽ തുരങ്കത്തിനോ ഗതാഗതത്തിനോ ഭീഷണിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഒല്ലൂർ എം.എൽ.എ കെ. രാജൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധ സമിതി വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ്. എന്നാൽ അവർ വനമേഖലയിൽ കയറി പരിശോധന നടത്തിയിട്ടുണ്ട്. തുരങ്കത്തിന് മുകളിലെ നീർച്ചാലുകൾക്ക് തടസ്സമുണ്ടോയെന്നും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നതിനായി തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ധനെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നിലവിൽ കുതിരാൻ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിരോധിക്കില്ല. ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
