അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് താഴേക്ക് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലാണ് അപകടം നടന്നത്.
ചമ്പന്നൂർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയിലെ ലോറി ക്ലീനറായിരുന്നു പ്രണിത്. കണ്ണൂരിൽ ചരക്കിറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെത്തിയപ്പോൾ ലോറി നിർത്താൻ പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാഹനത്തിന്റെ വേഗം കുറച്ച സമയത്ത് താഴേക്കിറങ്ങാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
