ആലപ്പുഴ : മാവേലിക്കര വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചാരുംമൂട് വാത്തികുളങ്ങര വീട്ടിൽ അരുൺ കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ കിർസ് ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുത്തച്ഛനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ, ഫോൺ കോൾ വന്നതിനെ തുടർന്ന് മുത്തച്ഛൻ കുട്ടിയെ മുറ്റത്തുനിർത്തി വീടിനുള്ളിലേക്ക് പോയിരുന്നു. തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വെള്ളക്കെട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (റിപ്പോർട്ട്: ഷുക്കൂർ അമ്പലപ്പുഴ).
