​ദേശീയപാതയിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്



​മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ ചേലേമ്പ്ര ഇടിമുഴിക്കലിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

​ഇന്ന് രാവിലെയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തമ്മിൽ ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളാണ്.

​ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിൽ നിന്ന് നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

​സംഭവസ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post