കായംകുളം: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി-സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കരീലക്കുളങ്ങര രാമപുരം മാളിയേക്കൽ ജങ്ഷന് തെക്കുവശത്തായിരുന്നു അപകടം. ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ പാഞ്ഞുവന്ന കാർ ആദിത്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
