മലപ്പുറം വണ്ടൂർ: നടുവത്ത് മൂച്ചിക്കലിലുണ്ടായ വാഹനാപകടത്തിൽ 19 വയസ്സുകാരൻ ദാരുണമായി മരിച്ചു. വണ്ടൂർ സ്വദേശി പ്രണവ് (19) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 11:50 ഓടെയായിരുന്നു സംഭവം. നാല് പേരുമായി സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർമ്മാണ ആവശ്യങ്ങൾക്കായി വെച്ചിരുന്ന കുടിവെള്ള പൈപ്പിലേക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ വണ്ടൂർ നിംസ് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ വരക്കലും കുന്ന് സ്വദേശി ആദിഷ്, വടപുരം പാലപ്പറമ്പ് സ്വദേശി അഭിജിത്ത് എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വരക്കലും കുന്ന് സ്വദേശിയായ അഖിലേഷ് വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണപ്പെട്ട പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
