കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ദാരുണ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ പ്രതിയായ സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. വാഹനം അമിതവേഗതയിലായിരുന്നുവെന്നും പ്രതി മദ്യലഹരിയിലാണ് വണ്ടിയോടിച്ചതെന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെയുണ്ടായ നാടിനെ നടുക്കിയ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ്(21) എന്നീ മൂന്ന് സുഹൃത്തുക്കളാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു.
പ്രതിയുടെ വെല്ലുവിളിയും ബാർ സന്ദർശനങ്ങളും:
അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രതിയായ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ പിടിയിലായപ്പോഴും പ്രതിയുടെ ഭാഗത്തുനിന്ന് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് ഉണ്ടായത്. നാട്ടുകാരോട് തട്ടിക്കയറിയ പ്രതി, "എയർപോർട്ട് റോഡിൽ വേഗത്തിൽ ഓടിച്ചാൽ എന്താ കുഴപ്പം, അച്ഛൻ നോക്കിക്കൊള്ളും" എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയാണുണ്ടായത്.
രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് പ്രതിയായ സുഹൈൽ. അപകടത്തിന് തൊട്ടുമുമ്പ് ഇയാൾ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായും, മദ്യപിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.
സർക്കാർ തല നടപടികൾ:
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗതാഗത മന്ത്രി സി.പി.ജോണ്സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റോഡ് സേഫ്റ്റി കമ്മീഷണറോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
