ഗുവാഹത്തി: അസമിൽ വിദ്യാർഥികളടക്കം 35ലേറെ പേർ സഞ്ചരിച്ച ട്രാവലർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ 23 പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അസമിലെ ഗോലാഘട്ട് ജില്ലയിൽ കാസിരംഗയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം
ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലർ എതിർദിശയിൽ വന്ന ചരക്കുലോറിയുടെ ട്രെയിലറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
ഗോലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് സ്വപ്നീൽ ഡേകയാണ് 23 പേർ മരിച്ചതായി സ്ഥിരീകരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ കോഹോറ മോഡൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ബൊകാഖട്ട് സിവിൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അപകടത്തിൽ വാഹനം പൂർണമായും തകർന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനവും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളും തുടരുകയാണ്.
