എടക്കര മലപ്പുറം: ദുബായിൽ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി യുവാവ് മരിച്ചു. മൈസൂരു ഹിൽവാല സ്വദേശിയും വർഷങ്ങളായി എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസക്കാരനുമായ മഞ്ജുനാഥ് (41) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ ഹോട്ടലിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ചന്ദനയാണ് ഭാര്യ. പവൻ, അനുഷ്ക (ഇരുവരും എടക്കര ഗവ. സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
