തൃശൂർ: വടക്കേക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്, സായ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
വൈകിട്ട് അഞ്ചുമണിയോടെ കുട്ടികൾ ക്ഷേത്രക്കുളത്തിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വടക്കേക്കാട് പൊലീസും ചേർന്ന് ഇരുവരെയും ഉടൻ തന്നെ കരയ്ക്കെത്തിച്ച് അടുത്തുള്ള ശാന്തി നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
