തിരൂർ: തലക്കടത്തൂർ പടിഞ്ഞാക്കരയിൽ പണിസ്ഥലത്ത് മതിലിടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. കമ്പിളിപ്പറമ്പിൽ റാഷിദ്, പുഴക്കൽ അഷ്റഫ് എന്നിവർക്കും തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
പണിസ്ഥലത്തിന്റെ താഴെ ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ മുകളിലുണ്ടായിരുന്ന മതിൽ അപ്രതീക്ഷിതമായി ഇടിഞ്ഞു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മണ്ണിനും കരിങ്കല്ലിനും അവശിഷ്ടങ്ങൾക്കും അടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെടുത്തത്.
പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
