വടകര: ചോമ്പാലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചോമ്പാല കരിപ്പാൽ ഫിറോസിന്റെ ഭാര്യ അഫീദ് (36) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 5.30-നും 6-നും ഇടയിലായിരുന്നു സംഭവം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ബന്ധുവായ റസാഖ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS) 194-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി 11.30-ന് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ 6.08-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആശുപത്രി നടപടികളിലായിരുന്നതിനാലാണ് പോലീസിൽ വിവരമറിയിക്കാൻ വൈകിയതെന്നും മൊഴിയിലുണ്ട്.
ചോമ്പാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മനോജൻ എം.വി.യ്ക്കാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന കാര്യമുൾപ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
(മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ സഹായം തേടുക: ടെലി-മാനസ് - 14416, ദിശ - 1056)
