മണ്ണാർക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പൊന്നംകോട് ജങ്ഷനുസമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 29കാരി മരിച്ചു. കാരാകുറുശി വാഴേമ്പുറം താഴത്തെ കല്ലടി വീട്ടിൽ ഷഹല (29)യാണ് മരിച്ചത്. അപകടത്തിൽ ഷഹലയുടെ പിതാവ് അൻവർ (60), മകൾ ഇൻസ ഫാത്തിമ (9), കരിമ്പിൻ ജ്യൂസ് വിൽപ്പനക്കാരൻ നാട്ടുകൽ സ്വദേശി ജാഫർ (35) എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഷഹലയും പിതാവും മകളും വിയ്യക്കുറുശിയിലേക്ക് പോകുന്നതിനിടെ പൊന്നംകോട് ജങ്ഷനുസമീപമുള്ള കരിമ്പിൻ ജ്യൂസ് കടയ്ക്ക് മുന്നിൽ സ്കൂട്ടർ നിർത്തി കടയിലേക്ക് കയറുകയായിരുന്നു. ഈ സമയത്ത് കല്ലടിക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് റോഡിന്റെ എതിർദിശയിലേക്ക് പാഞ്ഞുകയറി സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് ജ്യൂസ് കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷഹലയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്നുപേരെയും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഷഹലയുടെ ഭർത്താവ്: ഷാഹിദ്. മറ്റ് മക്കൾ: ഇസ്വാൻ, ഇസിൻ.
