പയ്യന്നൂർ: രാമന്തളി കല്ലേറ്റും കടവിൽ ഇടിമിന്നലേറ്റ് വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറി പൂർണ്ണമായും കത്തിനശിച്ചു. കല്ലേറ്റും കടവ് സ്വദേശി മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ അപകടമുണ്ടായത്. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്തായതിനാൽ ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായി.
കുഞ്ഞമ്പുവിന്റെ മകൻ ഉപയോഗിച്ചിരുന്ന മുകളിലത്തെ നിലയിലെ മുറിയിലുള്ള സീലിംഗ് ഫാൻ മിന്നലേറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായത്. തീ പടർന്നതോടെ മുറിയിലുണ്ടായിരുന്ന കട്ടിലും ബെഡും മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ തീ പടരുന്നത് അയൽവാസികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടാൻ വൈകിയിരുന്നു.
വിവരമറിഞ്ഞ് പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇടിമിന്നലിൽ വീടിനുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
