ന്യൂഡൽഹി: ഡൽഹിയിലെ വിശ്വാസ് നഗറിൽ വീടിന് തീപിടിച്ച് നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രണ്ട് പേർക്ക് പൊള്ളലേറ്റതായും പൊലീസ് അറിയിച്ചു.
തീപിടിത്തമുണ്ടായ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് ഷഹ്ദറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു.കെട്ടിടത്തിന്റെ ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്ന ഇ-റിക്ഷ ചാർജിങ് പോയിൻ്റിൽ നിന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ഈ ബേസ്മെൻ്റിലാണ് തീ ആദ്യം പടർന്നത്.
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിരവധി ഇ-റിക്ഷകൾ കത്തിനശിച്ച നിലയിൽ കാണാം.
തീപിടിത്തത്തിന് പിന്നാലെ കെട്ടിടത്തിന്റെ ഉൾഭാഗം പൂർണമായും കരിഞ്ഞ നിലയിലായി. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തീ ബാധിച്ച ആറുപേരെയും കെട്ടിടത്തിലെ മെസാനൈൻ നിലയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിൽ നാലുപേരെ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
