മാണ്ഡ്യയിൽ ടിപ്പറിന് പിന്നിൽ ജീപ്പ് ഇടിച്ചുകയറി; മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം



ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ വാഹന പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ജീപ്പ് ഇടിച്ചുകയറി മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നല്ലളം സ്വദേശി പി.പി. ലിഫായിൻ മുഹമ്മദ് നിയാസ് (21) ആണ് ചികിത്സയിലുള്ളത്.


കോഴിക്കോട് മാത്തോട്ടം കുത്തുകല്ല് റോഡ് എടക്കണ്ടി പറമ്പ് പുത്തൻപുരയിൽ പരേതനായ അബ്ദുൾ നാസറിന്റെ മകൻ കെ. ബാസിൽ മുഹമ്മദ് അലി (21), കണ്ണൂർ മുഴപ്പാല പെരുമ്പ്രയിൽ എം. ഷാഫിയുടെയും ടി. ശബാനയുടെയും മകൾ ഷഫ്‌ന (22) എന്നിവരാണ് മരിച്ചത്.


ശനി രാവിലെ 10.45-ഓടെ മാണ്ഡ്യയിലെ ഇന്ദുവാളുവിലായിരുന്നു അപകടം. കരിങ്കല്ലുമായി മൈസൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി നിർത്തിയതോടെ പിന്നാലെയെത്തിയ എസ്.യു.വി. ജീപ്പ് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബാസിലും ഷഫ്‌നയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.


പരിക്കേറ്റ ലിഫായിൻ മുഹമ്മദ് നിയാസ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മരണപ്പെട്ടതായി തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ലിഫായിൻ ചികിത്സയിൽ തുടരുകയാണെന്ന വിവരം ഇതോടെ വ്യക്തമായിട്ടുണ്ട്.


ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷഫ്‌നയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് മാമ്പ പള്ളിയിൽ ഖബറടക്കും.


കണ്ടന്റ് ക്രിയേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ഷഫ്‌ന. ബാസിലിന്റെ മാതാവ് ജസീനയും ഷഫ്‌നയുടെ മാതാവ് ശബാനയുമാണ്. ഷഹാന, ഷാസിൽ എന്നിവർ സഹോദരങ്ങളാണ്.



Post a Comment

Previous Post Next Post