തൃശ്ശൂർ : ഗുരുവായൂരിൽ
അജ്ഞാതനെ ദുരൂഹ സാഹചര്യത്തിൽ
മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ
നഗരസഭയോട് ചേർന്നുള്ള വായനശാലക്ക്
പുറകിലാണ് ഇന്ന് പുലർച്ചെ 55 വയസ്സ്
തോന്നിയ്ക്കുന്ന അജ്ഞാതനെ മരിച്ച
നിലയിൽ കണ്ടെത്തിയത്. തലക്ക്
പിൻഭാഗത്തെ ചെറിയ മുറിപാടിൽനിന്നും
ചോരയൊലിക്കുന്ന നിലയിൽ കമിഴ്ന്ന്
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഫിംഗർ പ്രിന്റ് സർച്ചർ പി.ആർ ഷൈന,
സൈന്റിഫിക് ഓഫീസർ ബി മഹേഷ്
എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള
വിദഗ്ദരും സംഭവ സ്ഥലത്തെത്തി
തെളിവുകൾ ശേഖരിച്ചു. ഗുരുവായൂർ
ടെമ്പിൾ സി.ഐ സി പ്രേമാനന്ദകൃഷ്ണന്റെ
നേതൃത്വത്തിൽ എസ്.ഐമാരായ കെ ഗിരി,
ഐ.എസ് ബാലകൃഷ്ണൻ എന്നിവരുടെ
നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റ്
നടപടികൾ പൂർത്തിയാക്കി മൃതദേഹം
തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
ഇയാൾ ശനിയാഴ്ച്ച രാത്രി മദ്യഷാപ്പിൽനിന്നും
മദ്യം വാങ്ങി കഴിച്ചിരുന്നതായി
ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂരിൽനിന്നും
ഡോണയെന്ന പോലീസ് നായയും
പരിശോധനയ്ക്കെത്തിയിരുന്നു.
മൃതദേഹത്തിൽനിന്നും മണംപിടിച്ച നായ,
വായനശാലയ്ക്ക് പുറകിൽനിന്നും നഗരസഭ
കാര്യാലയത്തിന് മുന്നിലൂടെ ബസ് സ്റ്റാന്റ്
പരിസരത്തെത്തി നിന്നു. പോലീസ്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
