സംസ്ഥാനത്ത് 6മണിക്കൂറിനിടെ അഞ്ച് ഇടങ്ങളിലായി ഏഴുപേര്‍ മുങ്ങിമരിച്ചു

 തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിലായി ഏഴുപേര്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലുമായി ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ മരിച്ചു



കൊല്ലം ആലുംകടവില്‍ നിര്‍മ്മാണ തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ രാജീവാണ് അപകടത്തില്‍ പെട്ടത്. ആലപ്പുഴ പുളിങ്കുന്നില്‍ ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്ണൂര്‍ കോളിക്കടവ് പുഴയില്‍ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനാണ് മരിച്ചത്.



മണിമലയാറ്റില്‍ മല്ലപ്പള്ളിക്ക് സമീപം വടക്കന്‍കടവിലാണ് ആദ്യ അപകടം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെ ബന്ധുക്കളായ 8 വിദ്യാര്‍ത്ഥികളാണ് കടവില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ ഒഴുക്കില്‍ ആഴത്തിലുള്ള കയത്തില്‍പ്പെട്ടു. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്കും പതിനഞ്ച് വയസാണ് പ്രായം. മല്ലപ്പള്ളിയിലെ ബന്ധു വിട്ടിലെ ചടങ്ങിനെത്തിയതാണ് ഇരുവരും. വൈകീട്ട് അഞ്ച് മണിയോടെയാണ് കൈപ്പട്ടൂര്‍ പാലത്തിന് സമീപം അച്ചന്‍കോവിലാറ്റില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. കോയിക്കല്‍ക്കടവില്‍ കുളിക്കാനിറങ്ങിയ ഏനാത്ത് സ്വദേശി വിശാഖും ഏഴകുളം സ്വദേശി സുജീഷുമാണ് കാല്‍വഴുതി വീണ് മരിച്ചത്. ഇരുവരും സുഹ്യത്തിന്റെ ബന്ധു വീട്ടിലെത്തിയതായിരുന്നു. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരുണ്‍ രക്ഷപെട്ടു.



പുളിങ്കുന്നില്‍ ഹൗസ്ബോട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് പന്തളം സ്വദേശിയായ അബ്ദുള്‍ മനാഫ് കായലിലേക്ക് വീണത്. ആലപ്പുഴയില്‍ നിന്ന് അഗ്നിശമന സേനയും സ്കൂബ ടീമും എത്തി ഏറെ നേരെ തെരച്ചില്‍ നടത്തിയതിന് ശേഷമാണ്, അബ്ദുള്‍ മനാഫിന്റെ മൃതദേഹം കിട്ടിയത്. കണ്ണൂരില്‍ പുന്നാട് സ്വദേശി ജഹാന ഷെറിനെ കോളിക്കടവ് പുഴയിലാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. 19കാരിയായ ജഹാന , സെയിദ് - മുനീറ ദമ്ബതികളുടെ മകളാണ്. കൊല്ലം ആലുംകടവ് സ്വദേശിയായ രാജീവ് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുളത്തില്‍ മുങ്ങിമരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

Previous Post Next Post