ടോറസ് സ്‌കൂട്ടറിൽ ഇടിച്ചു.. ശരീരത്തിലൂടെ ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി… യുവാവ് തല്‍ക്ഷണം മരിച്ചു…. സ്കൂട്ടർ ഓടിച്ചിരുന്ന ആൾക്ക് ഗുരുതര പരിക്ക്…..
മാവേലിക്കര: ടോറസ് സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരാനായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി ചെറവല്ലൂര്‍ പ്ലാന്തറയില്‍ സുധാകരന്റെ മകന്‍ എസ്.സന്ദീപ് (38) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വെണ്‍മണി പാറച്ചന്ത വിജിത ഭവനത്തില്‍ വിജയനെ (45) ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കെട്ടിട നിര്‍മാണ തൊഴിലാളികളണ്. ചാരുംമൂട്ടിലെ പണി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു അപകടം.
കൊല്ലം-തേനി ദേശീയ പാതയില്‍ കൊച്ചാലുംമൂട് ജംഗ്ഷന് തെക്ക് കൊച്ചാലുംമൂട് എസ്.ബി.ഐക്ക് സമീപം ഇന്ന് രാവിലെ 8നാണ് അപകടം നടന്നത്. ടോറസും സ്‌കൂട്ടറും മാങ്കാംകുഴി ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നില്‍ നിന്നു വന്ന ടോറസ് സ്‌കൂട്ടറിന് പിന്നിലിടിച്ചു. തെറിച്ചു റോഡില്‍ വീണ സന്ദീപിന്റെ ശരീരത്തിലൂടെ ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സന്ദീപ് തല്‍ക്ഷണം മരിച്ചു. ടോറസിന്റെ ഡ്രൈവര്‍ ചേപ്പാട് മുട്ടം കൃഷ്ണവിലാസത്തില്‍ സനലിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപിന്റെ ഭാര്യ ലിന്‍ജു. മകന്‍: സഞ്ജയ്. സംസ്‌കാരം നാളെ.