റാന്നി: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട പ്ലാച്ചേരിയില്‍ വീണ്ടും അപകടം.ഇന്ന് വൈകിട്ട് ഓട്ടോയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റാന്നി- എരുമേലി റോഡില്‍ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേയാണ് ഇന്ന് വീണ്ടും അപകടം നടന്നത്.മിനി ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച മുണ്ടക്കയം കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഉണ്ണി, ഷിജോ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉണ്ണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഷിജോയെ കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകുന്നേരം നാല് മണിയോടെയാണ് അപകടം.വിവാഹ ഓട്ടം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന മിനി ട്രാവലര്‍ ബസും എതിരെ മുക്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചു കയറിയ ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരണപ്പെട്ടിരുന്നു.
