താല്‍കാലിക പാലം തകര്‍ന്നു ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു



കോട്ടയം: വൈക്കത്ത് താല്‍കാലിക പാലം തകര്‍ന്നു ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കല്ലറ ഐക്കര താഴത്ത് എം.ജി.സുരേഷ് കുമാറാണ് (42) മരിച്ചത്. ഇന്നലെ (10-08-2022) വൈകിട്ടു നാലുമണിയോടെയായിരുന്നു അപകടം.

ഇടയാഴം കല്ലറ റോഡില്‍ അഞ്ചു മന തോട്ടിനു കുറുകെ നിര്‍മിച്ച താല്‍കാലിക പാലമാണ് തകര്‍ന്നത്. തടിപ്പാലത്തിലൂടെ കയറിയ ടിപ്പര്‍ലോറി കീഴ്മേല്‍ മറിയുകയായിരുന്നു. ലോറിയുടെ കാബിനില്‍ അകപ്പെട്ട സുരേഷിനെ ഇതര സംസ്ഥാന തൊഴിലാളിയാണ് തോട്ടില്‍ ചാടി സാഹസികമായി പുറത്തെത്തിച്ചത്.

കെട്ടിടത്തിനായി നിര്‍മ്മാണ സാമഗ്രികളുമായി വന്ന ടിപ്പര്‍ ലോറി പാലം തകര്‍ന്നു തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. തോടിനു കുറുകെ തെങ്ങിന്‍ തടികള്‍ പാകി മീതെ മണ്ണിട്ടുറപ്പിച്ച പാലമാണ് ഇവിടെയുള്ളത്. പ്രദേശത്ത് 11 കെ വി ലൈനിന്‍റെ പണിക്കായി കൊണ്ടുവന്ന ക്രെയിന്‍ ഈ പാലത്തിലൂടെ കഴിഞ്ഞ ദിവസം കയറ്റി മറുകര എത്തിക്കുന്നതിനിടയില്‍ പാലത്തിനു ബലക്ഷയം സംഭവിച്ചിരുന്നു.

ഇതറിയാതെ സമീപത്ത് നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിനായി നിര്‍മ്മാണ സാമഗ്രികളുമായി പാലം കയറിയപ്പോഴാണ് ടിപ്പര്‍ ലോറി കീഴ്മേല്‍ മറിഞ്ഞത്. ഇവിടെ കുറ്റമറ്റ പാലം നിര്‍മ്മിക്കണമെന്ന് പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. വൈക്കം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post