ചത്ത പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു



തിരുവനന്തപുരം  നേമം  ചത്ത പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനില്‍ കുമാര്‍ (42) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കല്‍ ഗിരിജയുടെ വീട്ടിലാണ് സംഭവം. ഉടനെ ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.


മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. രണ്ടു ദിവസം മുന്‍പാണ് പൂച്ച കിണറ്റില്‍ വീണത്. ഇതിന്റെ ദുര്‍ഗന്ധം കാരണം ഉണ്ടായ വിഷവാതകം ശ്വസിച്ച്‌ ബോധരഹിതനായി കിണറ്റില്‍ അകപ്പെട്ടതാകാമെന്നാണ് സംശയം.


അഗ്നിശമന സേന വിഴിഞ്ഞം സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ അജയ്‌യുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ആര്‍. അനീഷാണ് കിണറ്റിലിറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഭാര്യ: ഷീബ(പരേത). മക്കള്‍: വിവേക്, വിദ്യ.

Post a Comment

Previous Post Next Post