ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു; കോയമ്ബത്തൂര്‍ സ്വദേശികള്‍ക്ക് പരിക്ക്



വടക്കഞ്ചേരി : ദേശീയപാതയില്‍ നീലിപ്പാറയ്ക്കുസമീപം ലോറിക്കുപിന്നില്‍ മറ്റൊരു ലോറിയിടിച്ച്‌ രണ്ട് കോയമ്ബത്തൂര്‍ സ്വദേശികള്‍ക്ക് പരിക്ക്.

പിന്നില്‍ വന്ന ലോറി ഡ്രൈവര്‍ സുണ്ണാമ്ബ്കളവൈ അലാവുദ്ദീന്‍ (34), സഹായി ഉക്കടം കാസിം (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാസിമിന്റെ നില ഗുരുതരമാണ്. 


ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നേകാലിനാണ് അപകടം. പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്നു ഇരു ലോറികളും. 


മുന്നില്‍ സോഡ കയറ്റിപ്പോവുകയായിരുന്ന ലോറി പെട്ടെന്ന് വേഗംകുറച്ചപ്പോള്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ശക്തിയില്‍ പിന്നിലെ ലോറിയുടെ ഇടതുവശം പൂര്‍ണമായി തകര്‍ന്നു. ഇവിടെയാണ് കാസിം ഇരുന്നിരുന്നത്. ഉള്ളില്‍ കുടുങ്ങിയ കാസിമിനെ ലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മുന്നില്‍പ്പോയ ലോറി മറിഞ്ഞ്  റോഡരികിലുള്ള ബാരിക്കേഡിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ബാരിക്കേഡ് തകര്‍ന്നു. ഈ ഭാഗത്ത് റോഡരികില്‍ 20 അടിയിലേറേ താഴ്ചയുണ്ട്. ഇവിടെ വീടുകളുമുണ്ട്. 


സ്ഥലത്തെത്തിയ ഹൈറെസ്‌ക്യൂ സംഘം പരിക്കേറ്റവരെ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി അഗ്നിരക്ഷാസേന, ഹൈവേ പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. റോഡില്‍ പൊട്ടിച്ചിതറിയ സോഡാകുപ്പികള്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നീക്കി. രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Post a Comment

Previous Post Next Post