ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു; മകനും ഡ്രൈവര്‍ക്കും ഗുരുതര പരിക്ക്



കാസർകോട്   മേല്‍പ്പറമ്പ്: കളനാട്ട് ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. മകനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ മൗവ്വല്‍ റഹ്‌മത്ത് നഗറിലെ ആമിന മന്‍സിലില്‍ റുക്‌സാന (53)യാണ് മരിച്ചത്. അപകടത്തില്‍ റുക്സാനയുടെ മകന്‍ മുഹമ്മദ് റസൂല്‍ (28), ഓട്ടോറിക്ഷാ ഡ്രൈവര്‍ മൗവ്വലിലെ സിറാജുദ്ദീന്‍ (55) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കളനാട് ജുമാമസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. റുക്‌സാനയും മകനും കാസര്‍കോട്ടെ കണ്ണാസ്പത്രിയിലേക്ക് പോകുകയായിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. റുക്‌സാനയെ ഉടന്‍ തന്നെ ഉദുമയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷെയ്ഖ് റജബ് അലിയാണ് റുക്‌സാനയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: റൂഹി റജബ് അലി, റസിയ. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post