എൽപിജി ഗ്യാസ് ലീക്കായ ഗന്ധം.. അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്രശബ്ദം : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്



 തിരുവനന്തപുരം: നഗരൂർ കടവിളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് വീട്ടിൽ ഗിരിജ മാത്രമാണ് ഉണ്ടായിരുന്നത്.


വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ എൽപിജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. ഫ്രിഡ്ജിന്റെ കംപ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തകർന്ന് കത്തി. ഉടൻ തന്നെ ആറ്റിങ്ങൽ അഗ്നിരക്ഷാ സേനയെ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.

Post a Comment

Previous Post Next Post