പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു



 മലപ്പുറം: കുറ്റിപ്പുറത്ത് വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അദ്ധ്യാപകന് ​ഗുരുതര പരിക്ക്. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി വിഭാഗം സ്കൂളിലാണ് സംഭവം. കലോത്സവ പരിശീലന പരിസരത്ത് കറങ്ങി നടന്നത് ചോദ്യം ചെയ്തതിനാണ് പ്രിൻസിപ്പാളിന്റെ മുന്നിലിട്ട് വിദ്യാർത്ഥി അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവത്തിൽ സ്കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്.


കഴിഞ്ഞ ദിവസം വെെകിട്ട് നാലോടെയാണ് സംഭവം നടന്നത്. ഉപജില്ല കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്നതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളെ പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി പ്രിൻസിപ്പാളിന്റെ മുന്നിലിട്ടാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ ആക്രമണത്തിൽ കൈക്കുഴ വേർപെട്ട അദ്ധ്യാപകൻ നിലവിൽ ചികിത്സയിലാണ്. വിദ്യാർത്ഥി അദ്ധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്ത് ചവിട്ടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി. പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപകന്റെ കൈക്കുഴ വേർപെട്ടതായി അറിഞ്ഞത്. അദ്ധ്യാപകന്റെ പരാതിയിൽ പോലീസ് വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജുവനൈൽ കോടതി ജഡ്ജിക്ക് റിപ്പോർട്ട് കൈമാറി.

Post a Comment

Previous Post Next Post