തിരുവനന്തപുരം പാച്ചല്ലൂര്‍: കോവളം ബൈപാസില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് വാഹനങ്ങള്‍ക്ക് നാശനഷ്ടം; ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം ബൈപാസില്‍ പാച്ചല്ലൂരിലെ ടോള്‍ പ്ലാസയിലും പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിന് സമീപവുമാണ് അപകടങ്ങള്‍ നടന്നത്.
ടോള്‍ പ്ലാസയിലാണ് ആദ്യ അപകടം. ഇവിടെ എത്തിയ റിക്കവറി വാൻ പിന്നിലേക്ക് എടുക്കവെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറി റിക്കവറി വാനിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായെത്തിയ ലോറിയാണ് അപകടം സൃഷ്ടിച്ചത്. ഇതിന് പിന്നാലെ സന്ധ്യക്ക് ബൈപാസില്‍ പാച്ചല്ലൂര്‍ ചുട്കാട് ക്ഷേത്രത്തിന് സമീപത്തെ ജങ്ഷനില്‍ അപകടം നടന്നു.
കോവളം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാര്‍ ടോള്‍ നല്‍കാതെ നിയമംതെറ്റിച്ച് അതേ ദിശയില്‍ തന്നെ തിരികെ വരുന്നതിനിടെ എതിരെ വന്ന ബൈക്ക് യാത്രികയെ ഇടിച്ചിട്ട ശേഷം നിയന്ത്രണംവിട്ട് മറ്റൊരു ഓട്ടോ ക്യാബിലും ഇടിച്ച് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാപ്പനംകോട് സ്വദേശി ഓടിച്ചിരുന്ന ടാക്സിയാണ് അപകടം സൃഷ്ടിച്ചത്.
പുതിയതുറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ ആംബുലൻസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ക്യാബില്‍ സഞ്ചരിച്ചവര്‍ക്കും നിസ്സാര പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ട് സ്ഥലത്തും തിരുവല്ലം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
