കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; മകന് പരിക്ക്



നേമം (തിരുവനന്തപുരം): നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു. പ്രാവച്ചമ്പലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂര്‍കോണം തടത്തരികത്ത് വീട്ടില്‍ സൂസന്‍ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.

നരുവാമൂട്ടിൽ താമസിക്കുന്ന അമ്മയെ വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു സൂസനും മകൻ ഷാരോണും. വീട്ടിലേയ്ക്ക് തിരിയുന്ന വഴിയിൽ പ്രാവച്ചമ്പലം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാറിനടിയിലേയ്ക്ക് വീണ സൂസൻ തത്ക്ഷണം മരിച്ചു.


സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്ന ഏഴുവയസുകാരൻ ഷാരോൺ ഇടിയുടെ ആഘാതത്തിൽ മറുഭാഗത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഷാരോണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കുണ്ട്.


മൊബൈൽ ഷോപ്പ് ജീവനക്കാരിയായിരുന്നു സൂസൻ.

ഭർത്താവ്: നിഖിൽ.



Post a Comment

Previous Post Next Post