ഓസ്ട്രേലിയയിൽ പാറക്കെട്ടുകളിൽ നിന്ന് കടലിൽ വീണ് കെ.എം.സി.സി നേതാവിന്റെ മകളടക്കം രണ്ടു പേർ മരിച്ചു



കണ്ണൂർ – ഓസ്ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ ദാരുണമായി മരിച്ചു. കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35) ആണ് മരിച്ചത്. കെ.എം.സി.സി സ്ഥാപക നേതാവ് സി. ഹാശിം – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ്. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയാണ്. 

കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) ആണ് മരണപ്പെട്ട മറ്റൊരു യുവതി .

ഭർത്താവ്: ടി.കെ. ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ. മാതാവ്: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്‌ന.


ഇന്ന് (തിങ്കൾ) വൈകുന്നേരം 4:30ന് സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് സംഭവം. പാറക്കെട്ടുകളിൽ നിന്ന് മർവയടക്കം മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയും കടലിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഉടൻ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്പോട്’ എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിക്ഷനോടെ മാസ്റ്റർ ഓഫ് സ്നബിലിറ്റിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാളാണ് മർവ.


യുകെജി മുതൽ പ്ലസ് ടു വരെ സൗദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ നിന്നും ബിരുദവും 2020ഇൽ ഓസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിൽ നിന്നും എൻവിറോൻമെൻറ് ആൻഡ് ആൻഡ് ക്ലെയ്മേറ്റ് എമർജെൻസിയിൽ ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച മർവയുടെ അപ്രതീക്ഷിത മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. മക്കൾ ഹംദാൻ (15), സൽമാൻ (13), വഫ (ഒമ്പത്). സഹോദരങ്ങൾ ഹുദ, ആദി.

Post a Comment

Previous Post Next Post