രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ കുടുങ്ങി രക്ഷാപ്രവർത്തകർ 3 പേരെയും രക്ഷപ്പെടുത്തി
ചാലിയാറിൽ ഇന്നും മൃതദേഹങ്ങൾ. ഇന്ന് നിലമ്പൂർ ആശുപത്രിയിൽ എത്തിയത് 8 മൃതദേഹങ്ങൾ. ചാലിയാറിൽ നിന്ന് മാത്രം ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ എണ്ണം 197 ആയി. ചാലിയാറിന്റെ താഴ്ഭാഗങ്ങളിൽ അടക്കം ശക്തമായ തെരച്ചിൽ ആണ് ഇപ്പോൾ നടക്കുന്നത്.
ദുരന്തത്തിൽ പെട്ട സ്ഥലങ്ങളിലെ പാഡികളിൽ താമസിച്ചിരുന്നത് നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ്. മരണസംഖ്യ ആയിരമായേക്കാമെന്ന് പ്രദേശവാസികൾ പറയുന്നു.
ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്.
കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പൊലീസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. വനത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ഇവർ പറഞ്ഞിരുന്നു.*
ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്. മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.