മേപ്പാടി: ഉരുൾ ദുരന്തം വൻനാശം വിതച്ച വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അഞ്ചാം ദിവസവും തിരച്ചിൽ ഊർജിതം......
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 360 ആയി ഉയർന്നു. ചൂരൽമലയിൽ നിന്ന് ഇന്ന് നാല് മൃതശരീരങ്ങൾ കൂടി തിരച്ചിലിൽ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്.
മുണ്ടേരിക്ക് സമീപം തുടിമുടി, അമ്പുട്ടാൻ പുട്ടി എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും മാനവേദൻ സ്‌ൾ കടവിന് സമീപം ഒരു കാലും തിരച്ചിൽ സംഘം കണ്ടെത്തിയത്.
ദുരന്തത്തിൽപ്പെട്ട 206 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 30 പേർ കുട്ടികളാണ്. 148 മൃതശരീരങ്ങൾ കൈമാറി. മേപ്പാടി ആശുപത്രിയിലുള്ള 74 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.
ഇതുവരെ 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ 81 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളുമാണ്. 206 പേർ ആശുപത്രിവിട്ടു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ താമസിക്കുന്നു
ചൂരൽമലയിലെ 10 ക്യാമ്പുകളിലായി 1707 പേരും താമസിക്കുന്നുണ്ട്. ദുരന്തമേഖല ആറ് സോണുകളായി തിരിച്ചാണ് 40 സംഘങ്ങൾ തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസംവരെയും എത്തിപ്പെടാൻ കഴിയാതിരുന്ന അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന പുഞ്ചിരിമട്ടം മൂന്നാം സോണുമാണ്.
വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല എന്നിവയാണ് യഥാക്രമം നാലും അഞ്ചും സോണുകൾ. പുഴയുടെ അടിവാരമാണ് അവസാന സോൺ.
ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡോഗ് സ്ക്വാഡ്, കോസ്റ്റ് ഗാർഡ്, നേവി, ബെയ്‌ലി പാലം യാഥാർഥ്യമാക്കിയ എം.ഇ.ജി എന്നിവരടങ്ങുന്ന സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
ഓരോ സംഘത്തിലും മൂന്ന് നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനുമുണ്ട്. തീർത്തും വ്യവസ്ഥാപിതമായ ഈ തിരച്ചിൽ ഫലപ്രദമായി എന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ