തിരുവനന്തപുരം: പൂവച്ചൽ റോഡിൽ പുന്നാകരിക്കകം വളവിൽ നിയന്ത്രണംതെറ്റിയ കാർ തോട്ടിലേക്കു വീണു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം മുക്കോല സ്വദേശി പാസ്റ്റർ ഡേവിഡാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.15- ഓടെയാണ് അപകടം. കാട്ടാക്കടനിന്ന് പൂവച്ചലിലേക്കു വരുകയായിരുന്നു വാഹനം. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.
അപകടംനടന്ന തയ്ക്കാ പള്ളി വരുന്ന റോഡിന്റെ ഭാഗം കൊടുംവളവും വീതികുറവുമാണ്. കൂടാതെ ഒരുവശം തോടും കുഴിയുമാണ്. വളവാണെന്നു കാണിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നും ഇവിടെയില്ലാത്തതിനാൽ വളവിൽ അപകടങ്ങൾ പതിവാണെന്നും പ്രദേശത്തുകാർ പറഞ്ഞു.