മടിക്കേരിയിൽ വാഹനാപകടം; കാസർകോട് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

 


മടിക്കേരിയിൽ  കർണാടക ആർടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസർകോട് വോർക്കാടി സ്വദേശിയായ യുവ വ്യാപാരി ദാരുണമായി മരിച്ചു.  വോർക്കാടി പാത്തൂർ ബദിമലെയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫ് (25) ആണ് മരിച്ചത്. മടിക്കേരിയില്‍ ഇലക്‌ട്രോണിക്സ് വ്യാപാരിയായിരുന്നു അഷ്റഫ്.


പുത്തൂർ-മൈസൂർ അന്തർ സംസ്ഥാന പാതയിലെ കാവു എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നും ബസില്‍ പുത്തൂരിലേക്ക് പോയ അഷ്റഫ്, അവിടെ വർക്ക്ഷോപ്പില്‍ ഏല്‍പ്പിച്ചിരുന്ന ബുള്ളറ്റില്‍ മടിക്കേരിയിലേക്ക് മടങ്ങുകയായിരുന്നു. കാവുവില്‍ എത്തിയപ്പോള്‍ എതിരെ വന്ന കെഎസ്‌ആർടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ പാത്തൂർ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


പരേതയായ നബീസയാണ് മാതാവ്. ഷംസുദ്ദീൻ, ഖദീജത്ത് കുബ്ര, ഷംസീറ എന്നിവരാണ് സഹോദരങ്ങള്‍.

Post a Comment

Previous Post Next Post