ഔറംഗാബാദ്: തന്റെ നാല് മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ റാഫിഗഞ്ച് റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം
വിഷം കഴിച്ചവരില്‍ മൂന്ന് പെണ്‍മക്കള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. യുവതിയും (സോണിയ ദേവി) ആറ് വയസ്സുള്ള മകനും ഗുരുതരാവസ്ഥയിലാണ്. ഔറംഗാബാദിലെ സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. സൂര്യമണി കുമാരി (അഞ്ച്), രാധ കുമാരി (മൂന്ന്), ശിവാനി കുമാരി (ഒന്ന്) എന്നിവരാണ് മരിച്ചത്.
'റാഫിഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ യുവതിയും കുട്ടികളും അബോധാവസ്ഥയില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റെയില്‍വേ പൊലീസും പ്രാദേശിക പൊലീസും സ്ഥലത്തെത്തുകയും തുടർന്ന് അവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു'. ആർ.പി.എഫ് ഇൻസ്‌പെക്ടർ റാം സുമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ മൂന്ന് കുട്ടികളെ രക്ഷിക്കാനായില്ല എന്നും യുവതിയെയും ആറ് വയസ്സുള്ള മകനെയും തുടർ ചികിത്സയ്ക്കായി സദർ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താവുമായി നിലനിന്നിരുന്ന പ്രശ്നങ്ങളാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചെതെന്ന് റാഫിഗഞ്ച് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശംഭു കുമാർ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 'മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴികളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'. എസ്.എച്ച്.ഒ കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)