പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ഉയരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.
തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുന്നുണ്ട്.
വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട് ലെറ്റിലേക്കും തീപടര്‍ന്നു. ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.