കോഴിക്കോട്: കാലവർഷം ശക്തമായതിനെ തുടർന്നുണ്ടായ അപകടങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം നാലായി.
താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രൻകുന്നേലിന്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവരും വടകര താലൂക്കിലെ വില്ല്യാപ്പള്ളി വില്ലേജില്‍ മൊട്ടേമ്മല്‍ കുന്നുമ്മായിന്റവിട മീത്തല്‍ ദാമോദരന്റെ മകൻ പവിത്രൻ (64) എന്നയാളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം വടകര മുക്കാളിക്കരയില്‍ കിണർ കുഴിക്കവെ മണ്ണിടിഞ്ഞ് വീണ് കുളത്തുവയല്‍ സ്വദേശി കെ വി രജീഷ് (48) മരിച്ചിരുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ചയും ജില്ലയില്‍ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ നാല്‍പ്പതിലേറെ വീടുകളാണ് ഭാഗികമായി തകർന്നത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണും മറ്റും ഗതാഗത തടസ്സങ്ങളുണ്ടായി. തുടർച്ചയായി പെയ്ത മഴയില്‍ ജില്ലയുടെ പലഭാഗങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെട്ടു.
വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വർഷം ഉരുള്‍പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ ഒൻപതിലേറെ കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കാവിലുംപാറ മൂന്നാം കൈ തോടിന്റെ വശം ഇടിഞ്ഞതിനാല്‍ നാല് കുടുംബങ്ങളെ അടുത്തടുത്തുള്ള വീട്ടുകളിലേക്കും മാറ്റി. മാവൂർ കടോടി ഓഡിറ്റോറിയത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് രജീഷ് എന്നയാളുടെ കാർ തകർന്നു
ജില്ലയില്‍ കാലവർഷം ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേർന്നു. ഓണ്‍ലൈനായി ചേർന്ന യോഗത്തില്‍ ജില്ലാ കളക്ടർ സ്നേഹില്‍കുമാർ സിംഗ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ദുരന്തനിവാരണം, കെഎസ്‌ഇബി, പൊതുമരാമത്ത്, ഇറിഗേഷൻ, ഫിഷറീസ്, പോർട്ട്, ഡിഎംഒ, എല്‍എസ്ജിഡി, ടൂറിസം, മറൈൻ എൻഫോഴ്സ്മെന്റ്, ഡിഎംഒ, എസ് സി, എസ് ടി തുടങ്ങിയ വകുപ്പുദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലയിലെ കാലവർഷക്കെടുതികള്‍ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കളക്ടറേറ്റ് കേന്ദ്രമായി സെൻട്രല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു