തൃശൂർ അരിമ്ബൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ മുൻവശത്തെ ചില്ല് തകർന്നുവീണ് ഒരു കുട്ടിയടക്കം അഞ്ചുപേർക്കു പരിക്കേറ്റു.
മൂന്നു സ്ത്രീകള്‍, ഒരു കുട്ടി, ബസ് ഡ്രൈവർ വാടാനപ്പിള്ളി സ്വദേശി ആലപ്പി വീട്ടില്‍ അബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. തൃശൂരില്‍നിന്ന് തൃപ്രയാറിലേക്കു യാത്രക്കാരുമായി വന്ന ശ്രീറാം എന്ന ബസിന്‍റെ മുൻവശത്തെ ചില്ലാണ് അരിമ്ബൂർ അഗ്രോ കോർപറേഷനുസമീപം തകർന്നുവീണത്. റോഡിലെ കുഴിയില്‍ വീണപ്പോഴാണ് ചില്ല് പൊട്ടിവീണതെന്നാണ് പറയുന്നത്.
അപകടത്തെതുടർന്ന് ഡ്രൈവർ പരിഭ്രാന്തിയിലായെങ്കിലും ബ്രേക്ക് ചവിട്ടി ബസ് ഒതുക്കിനിർത്തി. ഇതിനിടയിലാണ് ബസിനുള്ളില്‍ ചിതറിവീണ ചില്ലില്‍ ചവിട്ടി ഡ്രൈവറുടെ കാലില്‍ ചില്ലുകള്‍ കയറി പരിക്കുപറ്റിയത്. ഉടൻതന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.