കോട്ടയം: എംസി റോഡിൽ മുളങ്കുഴ ജംഗ്ഷനിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്.
ഭർത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറിൽ സിമന്റ് കവല ഭാഗത്തേയ്ക്ക് വരുകയായിരുന്നു ഇവർ. മുളങ്കുഴ ജംഗ്ഷനു സമീപത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ലോറി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന്, ഇവരുടെ വാഹനം ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞു. ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. രണ്ടു പേരുടെയും ഹെൽമറ്റ് അപകടമുണ്ടായപ്പോൾ തന്നെ തലയിൽ നിന്നും തെറിച്ചു പോയി. രജനിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.