കോട്ടയം: എം.സി റോഡിൽ കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.
കടുത്തുരുത്തി പൂഴിക്കൽ സ്വദേശിയായ മണിയപ്പനാ(55)ണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.50 ഓടെ കടുത്തുരുത്തി വൈക്കം റൂട്ടിൽ പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന തെക്കേവീട്ടിൽ എം.എം ബസാണ അപകടത്തിനിടയാക്കിയത്. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് മുന്നിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു വെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽ ബസ് കയറിയിറങ്ങിയതായി വിവരമുണ്ട്. അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.