സഹോദരിയോടൊപ്പം തോർത്തുകെട്ടി ആടുന്നതിനിടെ കഴുത്തിൽക്കുരുങ്ങി.. വിദ്യാർഥി മരിച്ചു..



കോട്ടയം കാഞ്ഞിരപ്പള്ളി :  സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികൾ.


ഇവർ വീടിനുള്ളിൽ കളിക്കുകയായിരുന്നു. തുണിയിടുന്ന അയയിൽ തോർത്ത് കെട്ടിയാടുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കിരൺ. കൃഷ്ണപ്രിയയാണ് സഹോദരി. സംസ്‌കാരം നടത്തി. തിടനാട് പോലീസ് മേൽനടപടി സ്വീകരിച്ചു. അതിനിടെ കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് തിടനാട് എസ്എച്ച്ഒ പി.ശ്യാം പറഞ്ഞു.

Post a Comment

Previous Post Next Post