വിഴിഞ്ഞം. സ്കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകൻ വിനോദ്(43) ആണ് മരിച്ചത്. ഉത്രാടദിവസം രാത്രിയിൽ 7.30 ഓടെ ചൊവ്വ പഴയ എസ്.ബി.ടി ഓഫീസിന് സമീപമായിരുന്നു അപകടം.
ചൊവ്വരയിൽ നിന്ന് വരുകയായിരുന്ന വിനോദിന്റെ സ്കൂട്ടറിൽ മുല്ലൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിനോദിന്റെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇത് പിന്നീട് മുറിച്ചുമാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരി വിചിത്ര. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.
