കോഴിക്കോട് കായക്കൊടിയിൽ നിയന്ത്രണം വിട്ട പ്രചരണ ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്ക്. കായക്കൊടി ഉണ്ണിയത്തം കണ്ടി മീത്തൽ ഇന്ന് ഉച്ചയോടെയാണ് അപകടം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രചരണം നടത്തുകയായിരുന്ന കായക്കൊടി സ്വദേശി ദാസന്റെ ഉടമസ്ഥതയിലുള്ള ശ്രീനന്ദന ജീപ്പാണ് അപകടത്തിൽ പെട്ടത്
ജീപ്പ് പിന്നിലോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ജീപ്പിലുണ്ടായിരുന്ന അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. ആരുടേയും പരിക്ക് ഗുരുതരമല്ല. ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്. ഇലക്ട്രിക് പോസ്റ്റിനും സമീപത്തെ വീടിനും ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
