പാടത്ത് ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് നാല് സ്ത്രീകള്‍ മരിച്ചു ഒരാള്‍ക്ക് പരിക്ക്



ചെന്നൈ: തമിഴ്നാട്ടില്‍ നാല് സ്ത്രീകള്‍ ഇടിമിന്നലേറ്റ് മരിച്ചു. കടലൂർ വെപ്പൂരിനടുത്ത് പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചത്.

ഒരാള്‍ക്ക് പരിക്കേറ്റു. അരിയാനച്ചി ഗ്രാമത്തിലെ ചോളപ്പാടത്ത് വിളെവെടുപ്പിനിടെയാണ് ഇടിമിന്നലേറ്റ് സ്ത്രീകള്‍ മരിച്ചത്.


കൃഷിയിടത്തിന്റെ ഉടമ രാജേശ്വരി, ചിന്ന പൊന്നു, കണിത, പാരിജാതം എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന തവമണിക്കും മിന്നലേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലൂർ ജില്ലാ പോലീസ് സൂപ്രണ്ട് ജയകുമാർ, തിട്ടക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാർഥിബൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.


തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോ‍ർട്ടത്തിനായി മുണ്ടിയമ്ബക്കം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ വടക്കുകിഴക്കൻ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post