കൂറ്റനാട്: കഴിഞ്ഞ ദിവസം പെട്രോൾ കുപ്പിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. ആറങ്ങോട്ടുകരക്ക് സമീപം മേലെ തലശ്ശേരി ജുമാ മസ്‌ജിദിനടുത്ത് അത്താണിക്കൽ വീട്ടിൽ മുസ്‌തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പകൽ മൂന്നു മണിയോടെയാണ് സംഭവം.
മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ വർക്ക് ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി ചിതറുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും ക്ഷണ നേരത്തിൽ തീഗോളമായി മാറുകയുമായിരുന്നു എന്നാണ് പറയുന്നത്.
അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മേലെ തലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
