നിയന്ത്രണം വിട്ടെത്തിയ കാർ മെട്രോ പില്ലറിൽ ഇടിച്ച് അപകടം.. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 


കൊച്ചിയിൽ മെട്രോ പില്ലറിൽ കാറിടിച്ച് അപകടം. ഇന്ന് വെളുപ്പിനെ 3.30 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരിച്ചത്. കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ചെന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാക്കൾ മരണപ്പെട്ടിരുന്നു.


അപകടത്തിൽ രണ്ട്​ പേർക്ക്​ ഗുരുതര പരിക്കേറ്റിട്ടുണ്ട്​. ആലപ്പുഴ സ്വദേശികളായ യാക്കൂബ് (25), ആദിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിലാണ്. എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം.


ഇടിയിൽ കാർ പൂർണ്ണമായും തകർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹാറൂൺ ഷാജി, മുനീർ എന്നിവരെ എം.എ.ജെ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. തലക്കേറ്റ മുറിവാണ് മരണ കാരണം. പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post