ഇടുക്കി: മൂന്നാറിന് സമീപം സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മലപ്പുറം സ്വദേശികളായ അഞ്ചു പേരാണ് കുടുങ്ങിയത്. രണ്ടും നാലും വയസുള്ള കുട്ടികളും സംഘത്തിലുണ്ട്.
ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്‌കൈ ഡൈനിങ്ങിലാണ് സംഭവം. ഒന്നരമണിക്കൂറായി വിനോദ സഞ്ചാരികളും ജീവനക്കാരും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ ആണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി രണ്ടു മാസം മുന്‍പാണ് സ്ഥാപനം ആരംഭിച്ചത്. 120 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.
അതേസമയം, അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്.
