ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു. ചേളാരി സ്വദേശി അഫ്സൽ (40) ആണ് മരിച്ച മലയാളി.
മരിച്ച മറ്റ് മൂന്ന് പേരും ഒമാൻ സ്വദേശികളാണ്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്.
റുസ്താഖിൽ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയിൽ അഫ്സൽ സഞ്ചരിച്ച കാർ ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകർന്നു.
അപകടസ്ഥലത്തുവെച്ചുതന്നെ അഫ്സലും മറ്റ് മൂന്നുപേരും മരണപ്പെട്ടതായാണ് വിവരം. പരിക്കേറ്റ മൂന്നുപേരെയും റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിവരികയാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം.
മരിച്ച അഫ്സലിന്റെ മയ്യിത്ത് റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.*
