ജിദ്ദ: യാമ്പുവിൽ ഇന്നലെ ഉണ്ടായ പേമാരിയും കൊടുങ്കാറ്റും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുൻഭാഗങ്ങൾ തകർന്നു വീണു. തകർന്ന ഭാഗങ്ങൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മേൽ പതിഞ്ഞതിനെ തുടർന്ന് നിരവധി കാറുകൾക്കും സാരമായ നാശമുണ്ടായി. കെട്ടിടാവശിഷ്ടങ്ങൾ വാഹനങ്ങൾക്കു മേൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഒരു കോഫി ഷോപ്പിന്റെ ചില്ലുവാതിലുകൾ ശക്തമായ കാറ്റിൽ തകർന്നുവീഴുന്ന ദൃശ്യങ്ങളും, ആ സമയത്ത് സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ഭയന്ന് നിലവിളിക്കുന്നതായി കാണിക്കുന്ന വീഡിയോകളും വൈറലായി.
സൗദി അറേബ്യയിലെ നിരവധി പ്രവിശ്യകളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയും കൊടുങ്കാറ്റും സാധ്യതയിൽ നിരവധി മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, മദീന, അൽഖസീം, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിലടക്കം ഇന്ന് സ്കൂളുകൾ പ്രവർത്തിക്കില്ല.
ജിദ്ദ, റാബിഗ്, ഖുലൈസ്, മദീന, യാമ്പു, മഹ്ദുദ്ദഹബ്, ഖൈബർ, വാദി അൽഫറഅ്, ബദ്ര്‍, ഹനാകിയ, അറാർ, റഫ്ഹ, അൽഉവൈഖില തുടങ്ങിയ പ്രദേശങ്ങളിലും സ്കൂളുകൾ അടച്ചിടാൻ അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അടുത്ത വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീന, അൽഖസീം, അസീർ, അൽബാഹ, മക്ക, തബൂക്ക്, ഹായിൽ, ജിസാൻ, അൽജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ, തായിഫ് തുടങ്ങിയ ഇടങ്ങളിലും ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
