കാസർകോട്: ചട്ടഞ്ചാൽ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ ചട്ടഞ്ചാൽ 55 മൈൽ ആണ് അപകടം നടന്നത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു.
വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബി എം ഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നു പൊലീസ് പറഞ്ഞു. ഫയർഫോഴ്‌സും പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
